യൗവ്വനത്തിൽ നിന്നും ബാല്യത്തിലേക്ക് തിരിച്ചെത്തിയവരിൽ ഒരാളാണ് ഞാൻ. പലരും അതിനെ വിധിയെന്നു വിളിച്ചു. എങ്കിലും എനിക്കിതൊരു പുനർജന്മമാണ്. ഓർമ്മമുളയ്ക്കുന്നതിൻ മുൻപ് പിച്ചവെച്ചു നടന്നതുപോലെ വീണ്ടും ഒരിക്കൽ കൂടി ഞാനിന്നു പിച്ചവെയ്ക്കുന്നു. ഇടറുന്ന കാലടികൾക്ക് താങ്ങായ് ഇടറാത്തൊരു പിതാവുണ്ട് കൂട്ടിന്. ഇന്നൊരിക്കൽ കൂടി വാരിയെടുത്തെന്നെ, ഒരു കൈക്കുഞ്ഞിനെ പോലെ. അതെ, ഞാനിന്നു വീണ്ടുമെന്റെ ബാല്യം അനുഭവിക്കുകയാണ്. ഓർമ്മകളിൽ നിന്നും ഒരിക്കലും മായാത്ത ഒരു ബാല്യം. വാത്സല്യമേകുന്ന എന്റെ മാതാവിൻ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നില്ല. ഈ പൈതലിൻ പുഞ്ചിരിയാൽ അത് വറ്റി പോയിരിക്കുന്നു. എങ്കിലും ഞാനറിയുന്നു അന്തർമുഖത്തിലെ പ്രളയ പ്രവാഹം. കളിപ്പാട്ടമില്ലെങ്കിലും കളിക്കുന്നു ഞാൻ ഒരു കിടാവിനെ പോലെ. ഒരു കൗതുകത്തോടെ ഈ ജീവിതത്തെ നോക്കി കാണുന്നു. അറിയില്ല നാളെയെ കുറിച്ച്! വ്യാകുലത നിറഞ്ഞ ചിന്തകളേക്കാൾ ചിന്തകളില്ലാത്ത കുട്ടിയായിരിക്കുക കുറച്ചു നാൾ. ഏതൊരു മുൾപാതയേയും പൂ പാതയാക്കാൻ മനസിനു കഴിയും. മനസിന്റെ തോന്നലുകളാണ് നമ്മുടെ അനുഭവങ്ങൾ. വേദനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിലുപരി എന്റെ കൂടെയുള്ളവരെ വേദനിപ്പിക്കാനും.
കുറച്ചു നാളുകളായ് പലരും വന്നു കണ്ടു പോകുന്നു. ശോകഭാവമേകിയവർ വന്നു. വാടത്ത വദനവുമായ് ഞാൻ നിന്നു. ഒരു പക്ഷേ ഞാൻ ജനിച്ച നാളുകളിൽ നറുപുഞ്ചിരിയുമായ് ഇവർ വന്നിരിക്കും. കുറച്ച് നാളുകൾക്ക് ശേഷം എല്ലാം ശാന്തമായി. എല്ലാവരും അവരവരുടെ ജീവിതവുമായി തിരക്കിലായ്. അന്നു ഞാനറിഞ്ഞു എനിക്ക് ഞാൻ മാത്രമേ ഉള്ളൂ. കൂട്ടുകാർ എന്നു കരുതിയവർ പോലും വിളിക്കാതെയായി. നിരാശയുടെ പടുവക്കിൽ നിന്നു ഞാനറിഞ്ഞു ഇതുവരെ ഞാൻ ഒന്നും നേടിയിട്ടില്ലെന്നു. പായുന്ന ലോകത്തിൽ ഇഴയുന്ന എനിക്ക് എന്തു സ്ഥാനം. എങ്കിലും മറുപുറം ഒന്നു നോക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. കൈവിടാതെ ചേർന്നു നിൽക്കുന്ന അച്ഛൻ, വാത്സല്യമേകാനെന്റെ അമ്മ. പിന്നെന്തിനു ഞാൻ നിരാശനാകണം! പതിയെ ജീവിതത്തിലേക്ക് നടന്നു തുടങ്ങി.
എങ്കിലും ചിലത് എനിക്ക് എന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു. കാലം നൽകിയ മുറിപ്പാടുകൾ ഉണങ്ങാൻ കാത്തിരുന്നപ്പോൾ ഞാൻ എന്റെ മനസിനേയും പാകപ്പെടുത്തിയിരുന്നു. നഷ്ടങ്ങളെ അഗീകരിക്കുവാനും അവയുണ്ടാക്കുന്ന വേദന സഹിക്കുവാനും.എങ്കിലും മനസ്സിന്റെ അന്തരംഗത്തിൽ എകാന്തതയുടേയും നഷ്ടപെടലിൻേറയും വേദന അണപൊട്ടിയൊഴുകിയിരുന്നു. ഒരു പുഞ്ചിരിയാൽ ആ വേദന മറച്ചു പിടിക്കാൻ ജീവിതം എന്നെ പ്രാപ്തനാക്കി. എന്റെ കണ്ണുകൾ ഈറനണിഞ്ഞാൽ ഒപ്പം ഉള്ളവരും തകർന്നു പോകും. ഇരുട്ടിന്റെ മറവിൽ നിശബ്ദനായ് കരയുമ്പോൾ കണ്ണുനീർ മാത്രമായിരുന്നെന്റെ കൂട്ടിന്. അപ്പോഴും എനിക്കായ് ചിലത് ഇവിടെ ശേഷിച്ചിരുന്നു. ചില സഹായങ്ങളും ആശ്വാസവും കാലമെനിക്കു തന്നു. കടപ്പെട്ടിരിക്കുന്നു ഞാനുളളിടത്തോളം. പല പല ജീവിതങ്ങളും ഞാനിതിനിടയ്ക്ക് കണ്ടു. എന്നേക്കാൾ എത്രയോ മടങ്ങ് കൂടുതൽ നരഗിക്കുന്നവർ ഇന്നിവിടെ ജീവിച്ചിരിക്കുന്നു. അപ്പോഴാണ് എനിക്കുള്ളതിന്റെ വില ഞാൻ തിരിച്ചറിയുന്നത്. ഇന്നീ ലോകത്തിൽ പലരും തനിക്ക് കിട്ടാത്തതിന്റെ പുറകെ അലയുകയാണ്. കൈയിലുള്ളതിനെ അവർ കാണുന്നേയില്ല. ഒടുവിൽ ഉള്ളതുകൂടി പോകുമ്പോഴേ അവർ ജീവിതത്തെ തിരിച്ചറിയൂ. പലപ്പോഴും നഷ്ടങ്ങളാണ് പലതിന്റേയും മൂല്യം തിരിച്ചറിയാൻ സഹായിക്കുക. എങ്കിലും ഉൾക്കണ്ണു തുറന്നു കാണുക. അല്ലെങ്കിൽ അമൂല്യമായത് നഷ്ടമാകും, തിരിച്ച് കിട്ടാത്ത വിധം.
തോൽക്കുവാനുള്ളതല്ലീ ജീവിതം. ജീവിക്കുവാൻ ഒരു ജീവിതവും കൈയിലില്ല. പോരാടാനുള്ള ഒരു മനസ്സുമാത്രമാണ് കൈയിലുള്ളത്. അത് ഒരു ചെറിയ കാര്യമല്ല. ഏതു പരിതസ്ഥിതിയിലും ഉലയാത്തൊരു മനസ്സുള്ളപ്പോൾ വിജയം സുനിശ്ചിതം. എങ്കിലും വിധി ഇനിയും ക്രൂരനായാൽ മരണത്തിൽ കുറഞ്ഞതൊന്നും അവശേഷിക്കില്ല. മുന്നിൽ ജീവിതവും പുറകിൽ മരണവുമാകുമ്പോൾ മനക്കരുത്തും ദൃഡമാകും.തകർന്നു തീർന്നിടത്തു നിന്നും ഇന്ന് വീണ്ടും ഈ ജീവിതം പടുത്തുയർത്തുവാൻ തുടങ്ങുകയാണ്. പുതിയ ജീവിത രീതികൾ, ചുറ്റുപാടുകൾ, സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ. ഞാനെന്ന വ്യക്തി തന്നെ മാറി പോയിരിക്കുന്നു. പഴയ ആത്മാവും പുതിയ ശരീരവുമായി ഒരു പുനർജന്മം. . . . ,