മനുഷ്യൻ

കൊള്ള, കൊല, പീഡനം, അഴിമതി, ഭീകരവാദം, അപകടം.പത്രം വായിക്കുന്ന ഏതൊരാളും ഇന്ന് ആദ്യം കാണുന്നത് ഇതിൽ ഏതെങ്കിലും ഓന്നായിരിക്കും. ഇതാണ് ഇന്നത്തെ സമൂഹം. മറ്റുള്ളവരുടെ ദുരന്തങ്ങൾ അറിയാനുള്ള ആവേശവും ഒന്നിനും പ്രതികരിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ജീവിതവും. മനുഷ്യൻ മനുഷ്യനെ മറന്നു തുടങ്ങിയിരിക്കുന്നു. മനുഷ്യത്വം എന്ന ഭാവം ഇല്ലാതായികൊണ്ടിരിക്കുന്നു. അതിനർഥം അവൻ ഇപ്പോൾ മൃഗമാണ്. ഒരു പക്ഷേ മൃഗത്തിനേക്കാൾ തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.
എന്തിനു വേണ്ടിയാണ് ഇന്നു നാം ജീവിക്കുന്നത്? പണമുണ്ടാക്കാൻ, അതുതന്നെയാണ്. ഇന്ന് ഈ ലോകം ഭരിക്കുന്നത് പണമാണ്. അതിനു മുന്നിൽ വികാരങ്ങളോ വിചാരങ്ങളോ ഇല്ല. മർത്യർ അന്ധനായിരിക്കുന്നു. ധനികൻ്റെ മുന്നിൽ ഇന്നു നിയമങ്ങളോ നീതിപീഠങ്ങളോ ഇല്ല. ധർമ്മത്തിൻ്റെ കണ്ണൂകൾ അവൻ മൂടിക്കെട്ടി. പാവപ്പെട്ടർ അവൻ്റെ സംഹാര താണ്ഡവത്തിനിരകളായി.കാലം വെറും നോക്കുകുത്തിയായി. അവൻ മരങ്ങൾ വെട്ടുന്നു, മലകൾ നികത്തുന്നു, മണൽ വാരുന്നു, കുളങ്ങളും ചതുപ്പുകളും നിരത്തുന്നു. മണിമാളികകൾ പണിതുയർത്തുന്നു. മണ്ണും ജലവും വായുവും മലിനമാക്കപ്പെടുന്നു.അവനറിയുനില്ല ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്ന്. എന്നാൽ ഇതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് അവൻ മാത്രമല്ല. ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും കൂടിയാണ്. ഓരോന്നായി നാം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.
ആരാണ് മനുഷ്യൻ? സ്നേഹം, ദയ, കരുണ, വിവേകം എന്നിവല്ലൊമുള്ള ഒരു ജീവിയാണ് അവൻ. എന്നാൽ ഒരുവൻ മാറ്റാരുവനെ കൊല്ലുമ്പോൾ അവൻ സ്വയം ഒരു ചെകുത്താനായ് മാറുകയാണ്. ചോര പുരണ്ട കൈകളുമായ് അവൻ നിൽക്കുമ്പോൾ അവനെ എങ്ങനെ മനുഷ്യനെന്നു വിളിക്കും! ഈ ലോകത്തിൽ എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. ഓരോരുത്തർക്കും അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്. മറ്റൊരുത്തൻ്റ സ്വപ്നങ്ങളും ജീവിതവും തകർക്കുന്നവനു ഇവിടെ ജീവിക്കുവാൻ എന്തർഹതയാണുള്ളത്? എന്തിൻ്റെ പേരിലാണ് അവനെ ശിക്ഷിക്കാതിരിക്കുക? മനുഷ്യൻ എന്ന പരിഗണന അവൻ അർഹിക്കുന്നില്ല. മരണത്തെക്കാൾ കുറഞ്ഞൊരു ശിക്ഷയും. കാരണം അവനാൽ മറ്റൊരു ജീവനും ജീവിതവുമാണില്ലാതായത്. അതിനാൽ ഇനിയൊരു ജീവിതം അവനർഹിക്കുന്നില്ല. ഒരു പക്ഷേ നാളെ അവൻ വീണ്ടും ചില ജീവിതങ്ങൾ തകർത്തേക്കാം.
ജനാധിപത്യ ഭരണമാണ് നമ്മുടെ നാട്ടിൽ. എന്നാൽ ഇന്നത് ജനങ്ങളുടെമേൽ ആധിപത്യം ഉള്ള ഭരണം ആയിരിക്കുന്നു. എന്താണ് ഇന്നിവിടെ നടക്കുന്നത്? ജനങ്ങൾ അധികാരത്തിലേറ്റിയവർ ജനങ്ങളെ ചൂഷണം ചെയ്യുന്നു. നാം അടയ്ക്കുന്ന നികുതി പണം ദുരുപയോഗം ചെയ്യുന്നു. നാം നൽകിയ അധികാരം വെച്ച് കൈക്കൂലിയും അഴിമതിയും നടത്തുന്നു. ജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും സഹായവും നടപ്പാക്കാതെ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നു, വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നു. പദവി ഉപയോഗിച്ച് ബന്ധുമിത്രാധികൾക്ക് ഉയർന്ന ജീവിത മാർഗങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. പണമുള്ളവൻ സംരക്ഷിക്കപ്പെടുന്നു. സാധാരണക്കാരന് എന്താണ് ലഭിക്കുന്നത്? അവനിന്ന് സുരക്ഷയോ സംരക്ഷണമോ ഇല്ല. അവൻ്റെ ജീവനും ജീവിതവും എത് നിമിഷവും തകർക്കപ്പെടാം. പലരും ചുഷണം ചെയ്യപ്പെടുന്നു. അടിച്ചമർത്തപ്പെടുന്നു. നീതിയും ന്യായവും ലഭിക്കാതെ അവൻ അലയുന്നു. അപ്പോൾ എന്തിനാണ് ഇവിടെ ഇങ്ങനൊരു ഭരണം? സാധാരണക്കാരനായി രാഷ്ട്രീയത്തിൽ എത്തിയവരെല്ലാം ഇന്നു കോടികളുടെ ആസ്തികൾ ഉള്ളവരാണ്. അവരെങ്ങനെ പണക്കാരായി? ദരിദ്രൻ ഇന്നും ദരിദ്രർ തന്നെ. യാതൊരു ജീവിതമാർഗവും കാണാതെ അവൻ മരിക്കാൻ തയ്യാറാകുന്നു.
എന്തിനാണ് ഇവിടെ പാർട്ടികൾ? മനുഷ്യൻ എന്ന കൂട്ടായ്മക്കപ്പുറം അവരെ തമ്മിൽ പിരിച്ച് രക്തസാക്ഷികളെ സൃഷ്ടിച്ച് നമ്മളെ കബളിപ്പിക്കാനോ? ജനവികാരം എന്നതിലുപരി ഒരു പ്രസ്ഥാനത്തിൻ്റെ വികാരമായി അത് മാറിയിരിക്കുന്നു. അതിൻ്റെ പേരിൽ വെട്ടും കുത്തും നടത്തുന്നു. ആർക്ക് വേണ്ടി? ജനങ്ങൾക്കോ? ഒരിക്കലുമല്ല. ആരൊക്കെയോ ചേർന്ന് സ്യഷ്ടിച്ച പ്രസ്ഥാനത്തിനു വേണ്ടി. അവരുടെ സ്വാർത്ത താൽപര്യങ്ങൾ നടപ്പാക്കുവാൻ വേണ്ടി. എല്ലാം അറിഞ്ഞിട്ടും എന്തിനാണ് വീണ്ടും വീണ്ടും അവരെ ഭരണത്തിലേറ്റുന്നത്! തൊഴിലില്ലാതെ പതിനായിരക്കണക്കിനു ജനങ്ങൾ വലയുമ്പോൾ അധികാരം അവർ വരുമാനമാർഗമാക്കുന്നു. ഇന്ന് ഇവിടെ സർക്കാർ ജോലി ചെയ്യുന്നവർ എത്ര പേർ സത്യസന്ധമായി ജോലി ചെയ്യുന്നുണ്ട്? അഴിമതി, വ്യാജരേഖ ചമയ്ക്കൽ, പദവി ദുരുപയോഗം ചെയ്യൽ.ഇവർക്കെതിരെ എന്ത് നടപടികളാണെടുക്കുന്നത്? അന്വേഷണ വിധേയമായി ഒരു താൽക്കാലികമായി നീക്കം ചെയ്യൽ, അല്ലെങ്കിൽ ഒരു സ്ഥലം മാറ്റം. അതിൽ കൂടുതൽ ഒന്നും സംഭവിക്കുന്നില്ല. ആരാണ് അവരെ സംരക്ഷിക്കുന്നത്? തീർച്ചയായും അവരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. എന്തെന്നാൽ ആത്മാർഥമായി ജോലി ചെയ്യാൻ തൊഴിലിൻ്റെ മഹത്വം അറിയുന്ന ഒരുപാടു പേർ ഈ നാട്ടിൽ ഉണ്ട്. അപ്പോൾ കിട്ടിയ തൊഴിൽ ദുരുപയോഗം ചെയ്യുന്നവരെ എന്തിനാണ് നമുക്ക്? എന്നിരുന്നാലും ചില ജീവനക്കാർ ഈ നാടിനു വേണ്ടി പലതും ചെയ്യാൻ അഗ്രഹിക്കുന്നു. അവർ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നു. പക്ഷേ അവർ അടിച്ചമർത്തപെടുന്നു.ആക്ഷേപിക്കപ്പെടുന്നു. എതെങ്കിലും ചെറിയ ജോലികളിലേക്ക് മാറ്റപ്പെടുന്നു. ആരാണ് അത് ചെയ്യുന്നത്? ആരാണ് ജനനന്മയ്ക്ക് തടസം നിൽക്കുന്നത്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യമാണെങ്കിൽ നാം പ്രതികരിക്കേണ്ടിയിരിക്കുന്നു.
എന്തുകൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ? ഇവിടെ സത്യത്തേക്കാളും നീതിയേക്കാളും വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമാണ് പ്രാധാന്യം കൊടുക്കപ്പെടുന്നത്. അഴിമതി നടത്തിയവർ വീണ്ടും ഭരണത്തിലെത്തുന്നു.അവർ വീണ്ടും ജനപ്രതിനിധികളാകുന്നു. എന്തുകൊണ്ട്? മറ്റു രാജ്യങ്ങളിൽ വ്യക്തികളേക്കാൾ നീതിയും ന്യായവും സംരക്ഷിക്കപ്പെടുന്നു. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നു. ഇനിയെങ്കിലും നാം കൺ തുറന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മൂടപ്പെട്ട നിയമത്തിൻ്റെ കണ്ണുകൾ തുറക്കേണ്ടിയിരിക്കുന്നു. കോടികൾ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഒരു ധനികൻ ഇവിടന്നു നാടുവിട്ടു. അതുവരെ നമ്മുടെ നിയമം അനങ്ങിയില്ല. അയാൾ ഇന്നും ആഢംബര ജീവിതം നയിക്കുന്നു. എന്നാൽ ഒരു സാധാരണക്കാരൻ വായ്പയെടുക്കാൻ ഒരുപാട് നെട്ടോട്ടമോടുന്നു. പഠിക്കാനും ജീവിതമാർഗം കണ്ടെത്താനും ശ്രമിക്കുന്നു. അതിനിടയിൽ വായ്പ അടയ്ക്കാൻ കഴിയാതെ വരുമ്പോൾ നീതിപീഠം അവനെ സംഹരിക്കുന്നു. ഇതാണ് നിയമമെങ്കിൽ ആ നിയമം നമുക്കാവശ്യമുണ്ടോ? എന്തിനാണ് ഇവിടെ ഇങ്ങനൊരു ഭരണം? നിയമത്തിൻ്റെ മൂടപ്പെട്ട കണ്ണുകൾ തുറന്നേ മതിയാകു.
ഇനിയുള്ളത് യുദ്ധം. ആരാണ് മനുഷ്യൻ്റെ ശത്രു? പണ്ട് ആഹാരത്തിനു വേണ്ടിയും മൃഗങ്ങളിൽ നിന്നു സംരക്ഷണത്തിനു വേണ്ടിയുമാണ് മനുഷ്യൻ ആയുധങ്ങൾ നിർമിച്ചത്.എന്നാൽ ഇന്ന് തമ്മിൽ കൊല്ലാൻ വേണ്ടി. ഓരോ രാജ്യത്തിനകത്തും എത്രയോ പേർ കഷ്ടപ്പാടുകളൂം ദുരിതങ്ങളും അനുഭവിക്കുന്നു. സ്വന്തം രാജ്യത്തിലെ ജനങ്ങളെ മുഴുവൻ രക്ഷിക്കാൻ പറ്റാതെ എന്തിനാണ് മറ്റൊരു നാടിനു വേണ്ടി യുദ്ധം ചെയ്യുന്നത്? ഓരോ നാടിൻ്റെ യും അതിർഥിക്കപ്പുറവും ഇപ്പുറവും മനുഷ്യർ തന്നെയാണുളളത്.അവരോരോരുത്തർക്കും കുടുംബവും ജീവിതവും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്. അപ്പുറം നിൽക്കുന്നവനും എന്നെപ്പോലൊരു മനുഷ്യനാണെന്ന തിരിച്ചറിവുണ്ടെങ്കിൽ യുദ്ധം ഉണ്ടാവുകയില്ല. ആക്രമിക്കുകയല്ല തമ്മിൽ സ്നേഹിക്കുകയാണ് വേണ്ടത്. ഓരോ രാജ്യവും പ്രതിരോധം എന്ന വകുപ്പിലേക്ക് എത്ര കോടികൾ മുടക്കുന്നു. ആ തുക കൊണ്ട് എത്രയോ പേർക്ക് നല്ല ജീവിതം നൽകാനാകും, പട്ടിണി മാറ്റാൻ കഴിയും, രോഗികൾക്ക് നല്ല ചികിത്സ നൽകാൻ കഴിയും. എന്നിട്ടും നാം നമ്മളിലൊരുവനെ വധിക്കാൻ കോടികൾ മുടക്കുന്നു. യുദ്ധം എന്നും പട്ടിണിയും, ദുരിതങ്ങളും, അഭയാർത്ഥികളെയും മാത്രമേ സ്രഷ്ടിച്ചിട്ടുള്ളു. അലൻ കുർദി എന്ന ബാലൻ മരണപ്പെട്ടു കിടന്നപ്പോൾ ലോക മനസാക്ഷിയാണു കരഞ്ഞത്. കളിപ്പാട്ടവുമായി കൂട്ടുകാരോടൊത്ത് കളിച്ചു നടക്കേണ്ട അവൻ്റെ മരണത്തിനു ഉത്തരവാദി ആരാണ്? എത്രയോ പേർക്ക് ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടു. എത്രയോ പേർ അനാഥരായി.ഇതിനു വേണ്ടിയാണോ യുദ്ധം ചെയ്യുന്നത്. ആയുധം എടുക്കുന്നതിനു മുമ്പ് ഒരുനിമിഷം മനുഷ്യനായി ചിന്തിക്കു.
ഈ ഭൂമിയിൽ വിവേകബുദ്ധിയുള്ള ജീവിയാണ് മനുഷ്യൻ. അവന് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവുണ്ട്. സ്നേഹം എന്ന നല്ല വികാരം നമ്മിൽ ഉണ്ട്. പിന്നെന്തിനാണ് ദുഷ്ട വികാരങ്ങളെ നാം മനസിൽ വളർത്തുന്നത്. സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ നമുക്കിവിടെ ജീവിക്കാം. അന്യനെ ഉപദ്രവിച്ചും കഷ്പ്പെടുത്തിയും ഈ ജീവിതത്തിൻ്റെ മഹത്വം ഇല്ലാതാക്കരുത്. തമ്മിൽ സഹായിച്ചും സഹകരിച്ചും ജീവിക്കുക. എല്ലാവർക്കും ഇവിടെ തുല്യ അവകാശമുണ്ട്. അരും ആരുടേയും യജമാനനല്ല. ഒരു ദുരിത മുണ്ടാകുമ്പോൾ അനുശോചിക്കാൻ കുറേപ്പേർ വരും. എന്നാൽ അതിൽ ഒരാൾ അവർക്ക് ഒരു സഹായമായാൽ, മുന്നോട്ടുള്ള ജീവിതത്തിനു ഒരു മാർഗം നൽകാൻ കഴിഞ്ഞാൽ അയാളായിരിക്കും അവരുടെ ദൈവം. നമ്മളിൽ തന്നെയാണ് ദൈവിക ഭാവം കുടികൊള്ളുന്നത്. അത് തിരിച്ചറിയാതെ ഈശ്വരനെ അന്വേഷിച്ച് നടന്നിട്ട് ഒരു കാര്യവും ഇല്ല. അതിനാൽ ഉള്ളിലുള്ള ഈശ്വരനെ തിരിച്ചറിയുക.
ഈ ലേഖനം സമൂഹത്തിൽ ഒരു മാറ്റവും വരുത്തില്ല എന്നറിയാം. ആരൊക്കെയോ നിശ്ചയിച്ചുറപ്പിച്ചതാണ് നമ്മുടെ ഇന്നത്തെ ജീവിതം. സ്വാർത്ഥത എന്ന വികാരത്തിൽ ഒതുങ്ങിപ്പോകുന്ന ഈ ലോകത്തിൽ ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ മനുഷ്യൻ എന്ന വംശം തന്നെ ഇല്ലാതാകും. ഒന്നും ചെയ്യാൻ കഴിയാത്ത ഒരു സാധാരണക്കാരൻ്റെ നെടുവീർപ്പോടെ ഞാൻ എൻ്റെ വാക്കുകൾ നിർത്തുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s